സംസ്ഥാനത്തു നിർമ്മാണ മേഖല അതിഗുരുതരമായ പ്രതിസന്ധിയിലാണ് ഇന്നുള്ളത്. ഈ മേഖലയുടെ നട്ടെല്ല് ഒടിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും എന്ന സങ്കല്പത്തോടെ നടപ്പിലാക്കിയ ഭരണ പരിഷ്‌കാരങ്ങൾ നിർമ്മാണ മേഖലയെ സാരമായി ബാധിച്ചു. ഭരണപരിഷ്കാരങ്ങൾ ഓരോ കാലഘട്ടത്തും ആവശ്യമാണ്. എന്നാൽ അത്തരം പരിഷ്‌കാരങ്ങൾ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാവണം. ഇതിന്റെ പോരായ്മയാണ് ഇന്ന് ഈ മേഖലയിൽ ഉണ്ടായിട്ടുള്ള തകർച്ച. നോട്ടു നിരോധനവും ജിഎസ്ടിയും ഇപ്പോൾ ദിനന്തോറും വലിയതോതിൽ വർദ്ധിച്ചുവരുന്ന എണ്ണ വിലയും ഏറ്റവും ഗുരുതരമായി ബാധിച്ചത് റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലയെയാണ്.  നോട്ടു നിരോധനത്തിന് മുൻപ് 30% പുറകോട്ടു പോയ നിർമ്മാണ മേഖലയിൽ പിന്നീട് ഇത് 70 % ലേക്ക് ഉയർന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടവും, സർക്കാർ റവന്യു വരുമാനത്തിൽ വലിയ കുറവ് ഉണ്ടായി. മാത്രവുമല്ല രാജ്യത്തെ ഉരുക്കു ഉത്പാദന രംഗത്തും, സിമൻറ് ഉത്പാദന മേഖലയിലും പുറകോട്ടു പോക്ക് അനുഭവപെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ മേഖല നിർമ്മാണ മേഖലയാണ് എന്നിരിക്കെ ഇവിടെയും തൊഴിൽ, വാണിജ്യം, റവന്യു എന്നിവയെ നല്ല തോതിൽ ബാധിച്ചു.

18% ജിഎസ്ടിയാണ് നിർമ്മാണ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സർക്കാർ പ്രവർത്തികൾക്ക് 12% ആണ്. സ്വകാര്യമേഖലയിൽ കരാറുകൾ അടിസ്ഥാനത്തിൽ ജോലികൾ ഏറ്റെടുക്കുകയോ നൽകുകയോ ചെയ്താൽ 18 % ജിഎസ്ടി കൊടുക്കണം. നേരത്തെ വിവിധ നികുതികളായി 9 % ഉണ്ടായതാണ് 18 % മായി വർദ്ധിച്ചത്. നമ്മുടെ നാട്ടിലെ ഭവന നിർമ്മാണം ഉൾപ്പെട്ടമിക്ക നിർമ്മാണങ്ങളെയും ഇത് ബാധിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ നിർമ്മാണ മേഖലയിൽ ഏറ്റവും കൂടുതൽ നിക്ഷേപം ഉണ്ടായിരിക്കുന്നത് ഗൾഫ് മലയാളികളുടെയാണ്. ഏകദേശം ഒരു ലക്ഷം കോടിക്ക് മുകളിൽ ഗൾഫ് മലയാളികളുടെ നിക്ഷേപം സംസ്ഥാനത്തു ഇപ്പോഴുണ്ട്. നേരത്തെ ഇതിന്റെ 80 % വും നിർമ്മാണ മേഖലയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ആധുനിക കേരളത്തിൻറെ വളർച്ചയിൽ ഇത് വലിയ സഹായം ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് ഈ രംഗത്ത് ഗൾഫ് മലയാളികളുടെ നിക്ഷേപം വൻതോതിൽ കുറഞ്ഞു. നമ്മുടെ ഗ്രാമീണ ജനതയുടെ അടുപ്പുകൾ പുകയുന്നത് ഈ മേഖലയെ ആശ്രയിച്ചാണ് എന്നത് ഭരണകൂടങ്ങൾ മറന്നു പോകുന്ന കാഴ്ചയാണ് കാണുന്നത്.    

ഇതിനെല്ലാം പുറമെ നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റവും പ്രാദേശിക നിർമ്മാണ സാമഗ്രികളുടെ ന്യായീകരണമില്ലാത്ത വില വർധനവും പ്രത്യേകിച്ചു ക്വാറി ക്രഷർ ഉത്പന്നങ്ങൾ. ഇതിൽ തന്നെ വൻകിട ക്വാറി ക്രഷർ ഉടമസ്ഥർ സംഘം ചേർന്ന വില വർധിപ്പിക്കുന്നത് സാധാരണക്കാരനെ വലിയതോതിൽ ബാധിച്ചു കഴിഞ്ഞു. ഇതിനെല്ലാം പുറമെ യാതൊരു വിധ ദീർഘ വീക്ഷണവും ഇല്ലാതെ പരിസ്ഥിതി സംരക്ഷണത്തിൻറെ പേരിൽ ഇറങ്ങുന്ന സർക്കാർ കോടതി ഉത്തരവുകളും, നെൽവയൽ, തണ്ണീർത്തട നിയമങ്ങളിൽ പ്രായോഗികമല്ലാത്ത ചില നിയമങ്ങളും സംസ്ഥാനത്തെ ഭൂമിയുടെ തരംതിരിവ് രേഖപ്പെടുത്തുന്ന ഡാറ്റ ബാങ്ക് പ്രസിദ്ധപ്പെടുത്തുന്നതിൽ ഉണ്ടായി കൊണ്ടിരിക്കുന്ന കാലതാമസവും നിർമ്മാണമേഖലയെ മാത്രമല്ല, ഭൂമിയുടെ ക്രയവിക്രിയങ്ങളെയും വലിയതോതിൽ പുറകോട്ടു എടുപ്പിച്ചു.

നിർമ്മാണമേഖലയെ നോട്ടു നിരോധനത്തിനും ജിഎസ്ടിക്ക് മുമ്പും ശേഷവും എന്ന് ചർച്ച ചെയ്യുന്നത് പോലെ ഇന്ന് സംസ്ഥാനത്തു പ്രളയത്തിന് മുമ്പും ശേഷവും എന്ന് കൂടെ ചർച്ച ചെയ്യപ്പെടുകയാണ്. നമ്മുടെ നാട് ഒരു പുനർ നിർമ്മാണ ഘട്ടത്തിലാണ്. ഇവിടെ നിർമ്മാണത്തിന് തന്നെയാണ് ഏറ്റവും പ്രാധാന്യം. അതിൽ പതിനായിരകണക്കിന് നഷ്ടപെട്ട വീടുകളും, പാലങ്ങൾ റോഡുകൾ തുടങ്ങി പുനർനിർമ്മിക്കപ്പെടേണ്ടതുണ്ട്‌. ഇതിനെല്ലാം ആവശ്യമായ നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുകയും വില നിയന്ത്രിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ സംസ്ഥാനത്തു നമുക്കാവശ്യമായ സിമെന്റിൻറെ 10% മാത്രമാണ് പൊതുമേഖലസ്ഥാപനമായ മലബാർ സിമെൻറ് ഉൽപാദിപ്പിക്കുന്നത്. ബാക്കി 90% വും പുറമെ നിന്നും വരുന്നവയാണ്. ഇതുകൊണ്ടു തന്നെ വൻകിട സിമെൻറ് കുത്തക കമ്പനികൾ കേരളത്തെ ഒരു ചാകരയായി കണ്ടു കൊണ്ടു വില വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പ്രളയ ദുരന്തത്തെ പോലും ഇവർ ഒരു അവസരമായി കാണുകയാണ്. ഇപ്പോൾ സിമെന്റിനു ഒരു ബാഗിന് മേൽ 20 രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഒരു ബാഗിന് 60 രൂപയാണ് വർദ്ധിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ ഇവിടത്തേക്കാൾ 70 രൂപ കുറവിൽ സിമെന്റ് കിട്ടുമെന്നിരിക്കെയാണ് ഇവിടെ തീവെട്ടി കൊള്ള നടത്തുന്നത്. ഇവരെ നിയന്ത്രിക്കാൻ നമുക്കാവശ്യമായ സിമന്‍റിന്‍റെ 25 % എങ്കിലും പൊതുമേഖലയിൽ ഉൽപാദിപ്പിക്കാൻ സർക്കാർ തയ്യാറാവണം. മാത്രമല്ല അയൽ രാജ്യങ്ങളിൽ നിന്ന് ലൂസ് സിമന്‍റ് കൊണ്ടു വന്നു ഇവിടെ ബാഗിലാക്കി വിതരണം ചെയ്യാനുള്ള സംവിധാനം മെച്ചപ്പെടുത്തണം. 

നമ്മുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ നിർമ്മാണങ്ങൾക്കു ആവശ്യമായ നിർമ്മാണ സാമഗ്രികളയായ കരിങ്കൽ, മെറ്റൽ, എം സാൻഡ്, എന്നിവ ലഭ്യമാക്കുന്നതിന് ചെറുകിട ക്വാറികളെ നിയന്ത്രിച്ചു കൊണ്ട് അവയുടെ തീവെട്ടി കൊള്ള അവസാനിപ്പിക്കുകയും വേണം.

മണൽ ലഭ്യത കുറവ് ഇന്നും വലിയ പ്രശ്നമായി നിലനിൽക്കുന്നു. ഇതിനു പരിഹാരം എന്നോണം ഡാം മണൽ ശേഖരണ പദ്ധതിയും വിദേശത്തു നിന്ന് മണൽ ഇറക്കുമതി ചെയ്യാൻ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി നിൽക്കുകയാണ്. പദ്ധതികൾ പ്രഖ്യാപിച്ചു വർഷങ്ങൾ കഴിഞ്ഞാലും പ്രാബല്യത്തിൽ വരുന്നില്ല. 50ഉം 60ഉം വർഷങ്ങൾ പഴക്കം ചെന്ന നമ്മുടെ ഡാമുകകളിൽ ജലസംരക്ഷമ ശേഷി തന്നെ വലിയതോതിൽ കുറച്ചുകൊണ്ട് ധാരാളം ചളിയും മണലും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇവയെ ശാസ്ത്രീയമായി ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുകയും അതിലൂടെ ലഭിക്കുന്ന മണൽ നിർമ്മാണ പ്രവർത്തികൾക്കും ചെളി ചെങ്കൽ നിർമ്മാണത്തിനും കൃഷിക്ക് വളമായി ഉപയോഗിക്കാം എന്നിരിക്കെ പദ്ധതികൾ ഇഴഞ്ഞു നീങ്ങുകയാണ്. നാം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല തോതിൽ മഴ ലഭിച്ചപ്പോൾ ഡാമുകൾ തുറന്നുവിടേണ്ടി വന്നത് ജലസംഭരണശേഷി കുറഞ്ഞു കൊണ്ടുതന്നെയാണ്. ഇനിയെങ്കിലും കാലതാമസം കൂടാതെ ഡാം മണൽ ശേഖരണ പദ്ധതിയും നദികളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ ശേഖരണ പദ്ധതിയും അടിയന്തരമായി നടപ്പിൽ വരുത്തണം.

നമ്മുടെ നഗരങ്ങളിലെ കാലഹരണപ്പെട്ട കാൽ നൂറ്റാണ്ടു പഴക്കം ചെന്ന മാസ്റ്റർ പ്ലാനുകൾ എത്രയും പെട്ടെന്ന് പരിഷ്കരിക്കേണ്ടതുണ്ട്. ഇത് നഗരങ്ങളിലെ ഇന്നത്തെ സാഹചര്യമനുസരിച്ചുള്ള വികസനത്തിനുള്ള സഹായവും, നിർമാണ മേഖലയിൽ ഉണർവ് ഉണ്ടാകുന്നതിനും സഹായിക്കും.

ഇന്ന് സംസ്ഥാനത്തു നിർമ്മാണ മേഖലയ്ക്ക് തടസമായി നിൽക്കുന്ന തണ്ണീർത്തട മേഖലയിലെ അവ്യക്തത പരിഹരിക്കപ്പെടേണ്ടതുണ്ട്. 2008 നു മുൻപ് നികത്തപ്പെട്ട ഭൂമി കരട് ഡാറ്റാ ബാങ്കിൽ ഉൾപെട്ടിട്ടില്ലാത്ത സ്ഥലത്തു വീട് വെയ്ക്കാൻ അനുമതി നൽകാൻ തദ്ദേശ്ശ സെക്രട്ടറിമാർക്ക് അധികാരം നൽകി കൊണ്ടുള്ള ഉത്തരവ് ഉണ്ട്. എന്നാൽ 1291.sq. ft വരെയുള്ള വീടുകൾക്കാണ് ഇത്. പഞ്ചായത്തിൽ 10 സെന്റും നഗരസഭയിൽ 5 സെൻറ് ഭൂമിയിലുമാണ് അനുമതി. കൂടുതൽ സ്ഥലത്തു നിർമ്മാണത്തെ ആവശ്യമെങ്കിൽ അധിക ഭൂമിയുടെ ന്യായവിലയുടെ 50 % ഫീസ് അടച്ചു അനുമതി വാങ്ങാമെന്ന നിയമത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ആർ ഡി ഒ ഓഫീസുകളിൽ പതിനായിരക്കണക്കിന് അപേക്ഷക കെട്ടികിടക്കുന്നു. ഇതുപോലെ 2008 നു ശേഷം നികത്തപ്പെട്ടു വാങ്ങിയ ഭൂമിയിൽ KLU ഇപ്പോൾ നൽകുന്നില്ല. ഇത്തരത്തിൽ പാലക്കാട് ജില്ലയിൽ മാത്രം 5000 അപേക്ഷകർ ഉണ്ട്. ഇതുമൂലം സർക്കാർ ഭവന പദ്ധതികൾ യഥാർത്ഥ ഗുണഭോക്താക്കൾക്കു ലഭ്യമാകാത്ത അവസ്ഥയുമുണ്ട്. ഇതിനെല്ലാം പരിഹാരം കാണാൻ സംസ്ഥാനത്തു സാറ്റ് ലൈറ്റ് സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടു ശാസ്ത്രീയമായ സർവ്വേ നടത്തി ഡാറ്റ ബാങ്ക്  പ്രസിദ്ധപ്പെടുത്തണം.

പെട്രോൾ ഡീസൽ എന്നിവയുടെ ദിനംതോറുമുള്ള വില വർദ്ധനവ് നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചു പെയിന്‍റ്, ടൈൽസ് പി വി സി പൈപ്പുകൾ എന്നിങ്ങനെയുള്ളവയുടെ വിലയിൽ 30 % വർദ്ധനവാണുള്ളത്. സിമെൻറ് സ്റ്റീൽ ഉത്പാദകരുടെ തീവെട്ടി കൊള്ളയ്ക്ക് പുറമേയാണ് ഈ വർധനവ്. ട്രാൻസ്പോർട്ടേഷൻ രംഗത്തും വർദ്ധനവ് ഉണ്ടായികൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ നേരത്തേ ഓരോ സാമ്പത്തിക പ്രശ്‍നങ്ങളിലും 5 മുതൽ 10 % വരെ വില വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെങ്കിൽ ഇന്നത് 30 മുതൽ 40 % മായി ഇത് ഉയർന്നിരിക്കുന്നു. ഇത് കൺസ്ട്രക്ഷൻ രംഗത്തെ വലിയ തോതിൽ പുറകോട്ടു അടിപ്പിക്കുകയും സാധാരണക്കാരൻറെ ഭവനനിർമ്മാണ സങ്കല്പങ്ങൾക്കു തിരിച്ചടിയാവുകയും ചെയ്തു കൊണ്ടിരിക്കുന്നു.

രാജ്യത്തെ നിർമ്മാണ മേഖല പ്രതിസന്ധിയിലാവുമ്പോൾ 217 വ്യവസായങ്ങളെ ബാധിക്കുമെന്നത് കേന്ദ്ര ധനകാര്യമന്ത്രിമാർ തന്നെ മുൻ കാലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതെല്ലാം കണക്കിൽ എടുത്തു കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ മേഖലയെ സംരക്ഷിക്കുന്നതിന് കേന്ദ്ര സംസ്ഥാന ഗവേൺമെന്റുകൾ അനുയോജ്യമായ പദ്ധതികൾ തയ്യാറാവുകയാണ് വേണ്ടത്.

Search this website